kerala rain
കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ അലർട്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്.
നാലു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ബുധനാഴ്ച മൂന്ന് പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്.അടിമാലിയിൽ ശക്തമായ മഴയിൽ തോട് മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽപെട്ട് യുവാവ് മരിച്ചു. താളുംകണ്ടം കുടിയിലെ ഊരുമൂപ്പൻ സുരേഷ് മണിയുടെ മകൻ സുനീഷ് സുരേഷാണ് (21) മാങ്കുളം താളുംകണ്ടത്ത് കൈത്തോട്ടിൽ വീണ് മരിച്ചത്.
പാലക്കാട് ജില്ലയിലെ ആലത്തുരിൽ കഴിഞ്ഞദിവസം ചീനാമ്പുഴയിൽ കാണാതായ മുതുകുന്നി ആണ്ടിതറ പുത്തൻ വീട്ടിൽ രാജേഷിന്റെ (42) മൃതദേഹം കണ്ടെത്തി. ആലപ്പുഴയിൽ കനത്ത മഴയിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. ആലപ്പുഴ ആറാട്ടുവഴി മൈഥിലി ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസാണ് (മുന്ന-30) മരിച്ചത്. ഇന്നലെയും മിനിഞ്ഞാന്നുമായി മഴക്കെടുതിയിൽ സംസ്ഥാനത്ത് 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.