/kalakaumudi/media/media_files/2025/06/25/image_search_1750832861924-2025-06-25-11-58-08.jpg)
വയനാട് : മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയിൽ കുത്തൊഴുക്ക്. പ്രതിഷേധവുമായി നാട്ടുകാർ. രാത്രി മുതൽ വനത്തിലും പ്രദേശത്തും കനത്ത മഴ ഉണ്ടായിട്ടും അധികൃതർ അപായസൂചന നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംഭവ സ്ഥലത്ത് എത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞ പ്രദേശവാസികൾ തഹസിൽദാർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടു.
മുണ്ടക്കൈയിൽ ജോലിക്ക് പോയി കുടുങ്ങിയ തൊഴിലാളികളെ ജീപ്പുകളിൽ ഡെയിലി പാലം വഴി ഇക്കരെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ജോലിക്ക് പോകില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അവർ പറഞ്ഞു.
ശക്തമായ മഴയിൽ പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ശക്തമായ കുത്തൊഴുക്കിൽ വലിയ പാറകളും ഒഴുകിവരുന്നുണ്ട്. മുൻപുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന സ്കൂളിന് സമീപമാണ് ശക്തമായ കുത്തൊഴുക്ക്. അതേസമയം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായെന്നുള്ള അഭ്യൂഹങ്ങൾ ശരിയല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.