കൊച്ചി: ഹേമ കമ്മറ്റിയ്ക്ക് മുൻപിൽ പരാതി നൽകിയവർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി ഡബ്ല്യൂസിസി. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും അറിയിക്കാൻ നോഡൽ ഓഫീസറെ നിയമിക്കാൻ എസ്ഐടിക്ക് നിർദേശം നൽകി ഹൈക്കോടതി.ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ബഞ്ചിനു മുൻപിൽ ഡബ്ല്യൂസിസി നിർണായക വിവരങ്ങളാണ് കൈമാറിയിട്ടുള്ളത്.
ഹേമ കമ്മറ്റിയ്ക്ക് മുൻപിൽ പരാതി നൽകിയവർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നും അവരെ അധിക്ഷേപിക്കുന്നതും പൊതുമധ്യത്തിൽ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യൂസിസി കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നോഡൽ ഓഫീസറെ നിയമിക്കാൻ കോടതി നിർദ്ദേശം നൽകിയത്.നോഡൽ ഓഫീസറെ നിയമിച്ച കാര്യങ്ങൾ പരസ്യമാക്കണമെന്നും ആർക്കെങ്കിലും ഇത്തരത്തിൽ അധിക്ഷേപങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ നോഡൽ ഓഫീസറെ അറിയിക്കണമെന്നും കോടതി.
സിനിമാനയം രൂപീകരിക്കുന്നതിന് മുന്നോടിയായി ജനുവരിയിൽ കോൺക്ലേവ് നടത്തുമെന്നും ഈ കോൺക്ലേവിൽ ഷാജി എൻ കരുണൻ സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ. അതിനു ശേഷമായിരിക്കും സിനിമ നയരൂപീകരണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.