/kalakaumudi/media/media_files/2025/01/17/vWHz64Jr2F4m4vxojsYJ.jpg)
Supreme Court of India
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടിയോട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന് ഹാജരാകാനാണ് നോട്ടീസ്. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് കോടതി നോട്ടീസ് അയച്ചത് എന്നാണ് സൂചന. നോട്ടീസിന്റെ പകർപ്പ് താരത്തിന്റെ അഭിഭാഷകൻ ഇന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന് കൈമാറി. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിരുന്നുവെന്നും ഇത് കണക്കിലെടുക്കാതെയാണ് രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.