തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക. റിപ്പോർട്ടിലെ 233 പേജ് മാത്രമാണ് സാംസ്കാരിക വകുപ്പ് ഇവർക്ക് കൈമാറുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർദേശിക്കുകയും ചെയ്തു. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതിന്റെയും ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചു.
സുപ്രീംകോടതിയുടെ നിർദേശം പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷൻ അറിയിച്ചു. പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിട്ടേ മതിയാകൂ എന്ന് ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.
2017 ജൂലൈയിലാണ് ഹേമാ കമ്മിറ്റിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. 2019 ഡിസംബർ 31ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്.