/kalakaumudi/media/media_files/1fv75jid41UdNtcwy7g0.jpg)
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ട എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും രഞ്ജിനി പറഞ്ഞു. കമ്മിറ്റിക്ക് മുന്നിൽ പലതും പറഞ്ഞിട്ടുണ്ട്. സ്വകാര്യതയുടെ പ്രശ്‌നമുണ്ടെന്നും രഞ്ജിനി പറഞ്ഞു.
'ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാനുൾപ്പെടെയുള്ള സ്ത്രീകൾ മൊഴി കൊടുത്തിട്ടുണ്ട്. നാല് വർഷമാണ് റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇരുന്നത്. ഞങ്ങൾ കൊടുത്ത മൊഴിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് യാതൊന്നും ഞങ്ങൾക്കറിയില്ല. അത് കാണണമല്ലോ. ഞങ്ങൾ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. അത് തെറ്റല്ലേ. പുറത്തുവരാൻ പാടില്ലെന്ന് പറഞ്ഞാണ് ഞങ്ങൾ മൊഴി നൽകിയത്.' രഞ്ജിനി പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കുമ്പോൾ പോലും അവർ വായിച്ചുകേൾപ്പിച്ച ശേഷമാണ് ഒപ്പിടുന്നത്. അങ്ങനെയിരിക്കെയാണ് തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടുന്നത്. റിപ്പോർട്ട് കിട്ടണം. താൽപര്യത്തിന് പിന്നിൽ മറ്റു പ്രേരണയൊന്നുമില്ല. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. തന്നെ കാണിക്കാതെ റിപ്പോർട്ട് പുറത്തുവിടരുതെന്നും രഞ്ജിനി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നായിരുന്നു പുറത്തുവരേണ്ടിയിരുന്നത്. എന്നാൽ രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിടില്ലെന്നാണ് തീരുമാനം.