ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; റിപ്പോർട്ട് പുറത്തുവിടരുതെന്ന് രഞ്ജിനി

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ റിപ്പോർട്ടർ പ്രിൻസിപ്പാൾ കറസ്പോണ്ടന്റ് ആർ റോഷിപാൽ ഉൾപ്പെടെ ഏഴ് പേർക്ക് ഇന്ന് റിപ്പോർട്ടിന്റെ പകർപ്പ് നൽകുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചത്.

author-image
Anagha Rajeev
New Update
HEMA COMMITTIEE REPORT
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയാണ് തീരുമാനം. 

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ റിപ്പോർട്ടർ പ്രിൻസിപ്പാൾ കറസ്പോണ്ടന്റ് ആർ റോഷിപാൽ ഉൾപ്പെടെ ഏഴ് പേർക്ക് ഇന്ന് റിപ്പോർട്ടിന്റെ പകർപ്പ് നൽകുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചത്. പുതിയ സാഹചര്യത്തിൽ നിയമ പരിശോധനയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.

ഇന്ന് രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു സംസ്കാരിക വകുപ്പ് അറിയിച്ചത്. വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ തീരുമാനം. എന്നാൽ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സർക്കാറിനെ സമീപിച്ചതാണ് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയത്. റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് രഞ്ജിനിയുടെ ആവശ്യം.

2019 ഡിസംബർ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.

ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്.

hema committee report