ഹേമ കമ്മിറ്റിയോട് നാല് മണിക്കൂറോളം സംസാരിച്ചതാണെന്നും പുറത്തു വന്നാൽ ഒന്നും സംഭവിക്കില്ലെന്നും നടനും എംഎൽഎയുമായ മുകേഷ്. റിപ്പോർട്ട് പുറത്തു വന്നാൽ ഒന്നും സംഭവിക്കില്ല. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണം എന്നാണ് മുകേഷ് പറയുന്നത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല. റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തു വിടുന്നത് അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെയാണ് നടി അപ്പീൽ നൽകിയത്.
ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റിന് 17ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് തൊട്ടു മുമ്പേ വെള്ളിയാഴ്ച നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. 2017ൽ നിയോഗിക്കപ്പെട്ട സമിതി ആറ് മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ അഞ്ച് വർഷമായിട്ടും റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.