കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജികൾ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ് ആണ് ഇന്ന്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ, റിപ്പോർട്ടിൽ പറയുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവർ നൽകിയ പൊതുതാൽപ്പര്യഹർജി, ടി പി നന്ദകുമാർ, മുൻ എംഎൽഎ ജോസഫ് എം പുതുശേരി എന്നിവർ നൽകിയ ഹർജികളും പ്രത്യേക ബെഞ്ച് പരിഗണിക്കും.
ഹർജികളിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ലൈംഗിക അതിക്രമം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപ്പര്യഹർജിയും പ്രത്യേക ബെഞ്ച് പരിഗണിക്കും.
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുദ്ര വെച്ച കവറിൽ നൽകുന്ന റിപ്പോർട്ടിനൊപ്പം, സർക്കാരിന്റെ നിലപാടും അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.