ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ മാത്രമല്ല ഇന്ത്യയിലൊട്ടാകെ പ്രതിഫലിച്ചിട്ടുണ്ടെന്ന് ചലച്ചിത്ര പ്രവർത്തകയും ഡബ്ല്യൂസിസി സ്ഥാപക അംഗവുമായ ബീന പോൾ. ഞെട്ടിക്കുന്ന കഥകളാണ് സ്ത്രീകളിൽ നിന്നു കേൾക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാളം സിനിമയിൽ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബീന പോൾ പറഞ്ഞു.
'കേരളത്തെ മാത്രമല്ല ഇന്ത്യയെ തന്നെ ഹേമ കമ്മിഷൻ റിപ്പോർട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. ഒന്ന് കുലുക്കിയിട്ടുണ്ട്. സിനിമ മേഖലയിലുള്ളവരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. എത്ര സ്ത്രീകളാണ് തങ്ങൾക്ക് നേരിട്ട മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തുന്നത്. മാറ്റമുണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്.'- ബീന പോൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സ്ത്രീകളെ സ്ത്രീകൾക്കെതിരെയാക്കാനാണ് ചിലർ ശ്രമിക്കുന്നുണ്ടെന്നും ബീന പോൾ പറയുന്നു. നടിമാർ ഉയർച്ചയിലെത്തിയത് കോംപ്രമൈസിന് തയ്യാറായതു കൊണ്ടാണ് ചിലരുടെ കണ്ടെത്താൽ. എന്തൊരു വിഡ്ഢിത്തമാണ് ഇത്. കഴിവുള്ള എത്ര നായികമാരാണ് സിനിമയിലുള്ളത്. ആരാണ് ഇതൊക്കെ പറയുന്നത്. സ്ത്രീകളെ സ്ത്രീകൾക്ക് എതിരാക്കി യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇത്. സെൻസേഷണലാക്കാനുള്ള ശ്രമമാണ്. അപകടകരമായ രീതിയാണ് അത്. ഇതിലൂടെ സ്ത്രീകളെ സ്ലട്ട് ഷെയ്മിങ് നടത്തുകയാണ്.
ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് എതിരെയും ബീന രംഗത്തെത്തി. സിനിമയിൽ സ്ത്രീകൾക്ക് എതിരെ അതിക്രമം നടക്കുന്നില്ല എന്ന് അമ്മയുടെ ഏത് സ്ഥാപക അംഗമാണ് അങ്ങനെ പറഞ്ഞത്. ചിലപ്പോൾ അവർക്കുണ്ടായ അനുഭവം അങ്ങനെയായിരിക്കും. എന്തിനാണ് അതിനെ തള്ളിപ്പറയുന്നത്. എന്നെ ആരും സമീപിച്ചില്ല എന്ന് ഞാൻ പറയാറുണ്ട്. അത് ഓരോരുത്തരുടേയും അനുഭവമാണ്. എന്നാൽ സിനിമ മേഖല എന്ന നിലയിൽ നോക്കുമ്പോൾ ഒരുപാട് സ്ത്രീകൾക്കാണ് ഇത്തരം മോശം അനുഭവമുണ്ടാകുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള പോരാട്ടമല്ല ഇത്. ഒന്നിച്ച് ചേർന്നാണ് നമ്മൾ പോരാടേണ്ടതാണ്.