/kalakaumudi/media/media_files/2024/12/07/UWpyv8uQHrTypG9jgppH.jpg)
കൊച്ചി: സിനിമാരംഗത്ത് നേരിടേണ്ടിവന്ന പീഡനങ്ങൾ ഹേമ കമ്മിറ്റിക്ക് മുമ്പിൽ വെളിപ്പെടുത്തിയ വനിതകൾ നിയമനടപടികളിൽ ഏർപ്പെടാൻ തയ്യാറാകാത്തതിന്റെ അർത്ഥം പരാതി അസത്യമായിരുന്നുവെന്നോ, അനുഭവങ്ങൾ നിഷേധിക്കുന്നുവെന്നോ അല്ലെന്ന് സിനിമയിലെ വനിതാകൂട്ടായ്‌മ (ഡബ്ല്യു.സി.സി) പറഞ്ഞു.
സിനിമാവ്യവസായത്തിലെ സ്ത്രീവിരുദ്ധത പുറത്തുകൊണ്ടുവരാൻ സ്ത്രീകൾ കേസുമായി മല്ലടിച്ച് തെളിയിക്കണമെന്ന് കരുതുന്നത് സ്ത്രീ ജീവിതത്തെ ചേർന്നുനിന്ന് മനസിലാക്കാൻ സാധിക്കാത്തതിനാലാണ്. കമ്മിറ്റിക്ക് മുമ്പിൽ സംസാരിച്ച ധീരരായ സ്ത്രീകൾക്ക് അഭിവാദ്യം അർപ്പിക്കുന്നു. കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞ സംഭവങ്ങൾ ഏറെ വർഷങ്ങൾക്ക് മുമ്പാണ് നടന്നത്. മറക്കാൻ ശ്രമിച്ച്, മനോവേദന കടിച്ചുപിടിച്ച് ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഇവരിൽ മിക്കവാറും സ്ത്രീകളെന്ന് കൂട്ടായ്‌മ പ്രസ്‌താവനയിൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ സംസാരിക്കാനും കേസുമായി മുന്നോട്ടുപോകാനും പരാതിക്കാർ തയ്യാറാവാത്തതിനാൽ റിപ്പോർട്ടു തന്നെ പരാജയപ്പെട്ടെന്ന ചർച്ചകൾ ദു:ഖകരമാണ്. റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം നിരവധി സ്ത്രീകൾ മോശം അനുഭവങ്ങൾ പങ്കുവച്ചു. അവയിൽ പലതും നടപടികൾക്കായി മുന്നോട്ടുപോകുന്നുമുണ്ട്. എല്ലാം തുറന്നുപറയണമോ, കേസ് കൊടുക്കണമോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകളുടേതാണെന്നാണ് ഡബ്ല്യു.സി.സിയുടെ നിലപാട്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സിനിമയിലെ സ്ത്രീകളുടെ അവകാശസമരത്തിലെ പ്രധാന വഴിത്തിരിവാണ്. സ്ത്രീസുരക്ഷയ്‌ക്കും സ്ത്രീ സിനിമാപ്രവർത്തക പ്രോത്സാഹനത്തിനുമപ്പുറം നയപരമായ ഗൗരവപ്പെട്ട കാര്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്നു. റിപ്പോർട്ടിന്റെ പ്രാധാന്യം കേസുകൾ അവസാനിപ്പിക്കുമ്പോൾ തീരുന്നതല്ല. നയപരമായ ചർച്ചകളിലും നടപടികളിലും റിപ്പോർട്ടിന് വലിയ പങ്കുണ്ട്.
സിനിമയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ ലിംഗസമത്വചിന്തയുള്ള സിനിമാനയം രൂപീകരിക്കാനും ട്രൈബ്യൂണൽ രൂപീകരിക്കാനും തയ്യാറാകണമെന്ന് കൂട്ടായ്‌മ ആവശ്യപ്പെട്ടു.