എറണാകുളത്ത് മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

author-image
Prana
New Update
hepatitis a

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഞ്ഞപ്പിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ  കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. 
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സംശയാസ്പദമായ 722 ഹെപ്പറ്റൈറ്റിസ് എ(മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 563 കേസുകളും എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍  നിന്നാണ് കൂടുതല്‍  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മലിനമായ വെള്ളത്തിന്റെ ഉപഭോഗം കണ്ടെത്തിയിട്ടുണ്ട്.
കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത്  എന്നിവ രോഗം കൂടുന്നതിനു കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍  വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു.

precautions Hepatitis ernakulam