സംസ്ഥാനത്ത് മഞ്ഞപ്പിത്ത വാക്‌സിന്‍ ക്ഷാമം രൂക്ഷം

കരളിനെ ബാധിക്കുന്ന പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. എ,ബി,സി,ഡി,ഇ എന്നിങ്ങനെ പ്രധാന വകഭേദങ്ങളുണ്ട്. ക്ഷയം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായ അസുഖം. 2019-ല്‍ 11 ലക്ഷമായിരുന്നു ലോകത്ത് മരണം. ഇതില്‍ 83 ശതമാനവും മരിച്ചത് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച്.

author-image
Biju
New Update
jhdf

hepatits-B Vaccine

തിരുവനന്തപുരം: കാലാവസ്ഥാ മാറ്റവും വെള്ളത്തിലെ ബാക്ടീരിയ സാന്നിദ്ധ്യവും മൂലം സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുമ്പോഴും പലയിടത്തും വാക്‌സിന്‍ കിട്ടാനില്ല. ആറുമാസമായി സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എത്തുന്നില്ല. കഴിഞ്ഞമാസം കുറഞ്ഞ അളവില്‍ എത്തിയെങ്കിലും ദിവസങ്ങള്‍ക്കകം തീര്‍ന്നു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലൊന്നിലും വാക്‌സിനില്ല. ഇതോടെ ഒന്നാം ഡോസ് സ്വീകരിച്ചവരും കുടുങ്ങി. ആദ്യ ഡോസ് എടുത്തവര്‍ ഒരുമാസം, ആറുമാസം, അഞ്ചുവര്‍ഷം എന്നിങ്ങനെയുള്ള സമയക്രമത്തില്‍ തുടര്‍ഡോസുകളെടുക്കണം.

കുറച്ചെങ്കിലും ഡോസ് ബാക്കിയുള്ള ചില കാരുണ്യഫാര്‍മസികളാണ് ഏക ആശ്രയം. കേന്ദ്രവാക്‌സിന്‍ പട്ടികയിലുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്.

എം.ബി.ബി.എസ്. പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാണ്. ദൗര്‍ലഭ്യംകാരണം വിദ്യാര്‍ഥികള്‍ക്കും വാക്‌സിനെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശീയ രോഗപ്രതിരോധദൗത്യത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരാണ് വിതരണംചെയ്യുന്നത്. രാജ്യത്ത് ഉത്പാദനം കുറഞ്ഞതാണ് ദൗര്‍ലഭ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം 13 വരെ 308 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കോട്ടയം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ മുതിര്‍ന്നവര്‍ക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ തീരെ ലഭ്യമല്ല.

കരളിനെ ബാധിക്കുന്ന പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. എ,ബി,സി,ഡി,ഇ എന്നിങ്ങനെ പ്രധാന വകഭേദങ്ങളുണ്ട്. ക്ഷയം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായ അസുഖം. 2019-ല്‍ 11 ലക്ഷമായിരുന്നു ലോകത്ത് മരണം. ഇതില്‍ 83 ശതമാനവും മരിച്ചത് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച്.

രോഗബാധിതന്റെ രക്തം, ശാരീരികസ്രവം എന്നിവയിലൂടെ രോഗം പകരാം. ഹെപ്പറ്റൈറ്റിസ് ബി ദീര്‍ഘകാലത്തില്‍ ലിവര്‍സിറോസിസ് പോലുള്ള അവസ്ഥയിലേക്ക് നയിക്കും.