/kalakaumudi/media/media_files/2026/02/12/r8-2026-02-12-10-55-19.jpg)
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. ആദ്യ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
യുവതിയെ മാനസികമായി തളര്‍ത്തി, ലൈംഗികമായി ദുരുപയോഗം ചെയ്തു തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ പ്രധാനവാദം. മാത്രമല്ല, വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം എന്ന ആരോപണം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
സാക്ഷികളെ സ്വാധീനിക്കരുത്, ഫോണ്‍ ഹാജരാക്കണം, ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ആദ്യ ബലാത്സംഗ പരാതിക്ക് പിന്നാലെ മറ്റ് രണ്ട് പരാതികള്‍ കൂടി രാഹുലിനെതിരേ വന്നിരുന്നു. ബെംഗളൂരുവില്‍നിന്ന് ഒരു യുവതി കെപിസിസി അധ്യക്ഷന് മെയില്‍ മുഖാന്തരം പരാതി അയക്കുകയായിരുന്നു. ഈ പരാതി പോലീസിന് കൈമാറുകയും അതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നിലവില്‍ വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയാണ് മൂന്നാമത്തെ പരാതി നല്‍കിയത്. ഈ പരാതിയെ തുടര്‍ന്നാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
