കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബർ 10-ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. റിപ്പോർട്ടിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നത് അടക്കം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചു. കേസിൽ വനിതാ കമ്മീഷനെയും കക്ഷി ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനോട് ഹൈക്കോടതി നിരവധി ചോദ്യങ്ങളുന്നയിച്ചു. കേസ് എടുക്കണമെന്ന ഹർജിയിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ആരാഞ്ഞു. ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളല്ലേ?. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങളുണ്ടോ? മൊഴി നൽകിയവരുടെ പേരുകൾ സർക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു.
ഇങ്ങനെയൊരു റിപ്പോർട്ട് ലഭിച്ചാൽ, കെട്ടിപ്പൂട്ടി വെക്കാതെ തുടർനടപടി സ്വീകരിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. കമ്മീഷന് മുന്നിൽ മൊഴി നൽകിയവർ തങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുനെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇരകളായ ആർക്കും പരാതിയുമായി നേരിൽ വരാൻ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടിൽ മനസ്സിലാകുന്നത്. ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുള്ള ഇരകളുടെ പേരുവിവരങ്ങൾ മറച്ചു പിടിക്കുമ്പോൾ തന്നെ, വേട്ടക്കാർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. അല്ലെങ്കിൽ ഇങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചതു കൊണ്ട് എന്താണ് ഫലമെന്ന് കോടതി ആരാഞ്ഞു. റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വെക്കാനാവില്ല. പുറത്തുവിട്ട റിപ്പോർട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണം. കൊഗ്നിസിബിൾ ഒഫൻസ് ഉണ്ടെങ്കിൽ അത് പോക്സോ കേസിലാണെങ്കിൽ നടപടിയെടുക്കാനാകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.