/kalakaumudi/media/media_files/2024/12/01/kdNQeUqFudVakvEYj7NM.jpg)
ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര ഭരണസമിതി പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സുരക്ഷാ കാരണമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തതെന്നും, മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാകില്ലെന്നും ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഈ ഒരു ലംഘനം തന്നെ മതിയാകുമെന്നും കോടതി ഓര്‍മിപ്പിച്ചു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണു പരമപ്രധാനമെന്നും ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പിന്നീട് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു.
ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറപ്പെടിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും, ജനങ്ങളുമായി എട്ട് മീറ്റര്‍ അകലം ഉണ്ടായിരുന്നില്ലെന്നും വനംവകുപ്പ് കണ്ടെത്തിയിരുന്നു.