/kalakaumudi/media/media_files/2025/07/28/forest-2025-07-28-22-23-58.jpg)
കൊച്ചി: സംരക്ഷിത വന മേഖലകളില്‍ വാണിജ്യ സിനിമ, ടിവി സീരിയല്‍ ഷൂട്ടിങ്ങിനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ദേശീയ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍, കടുവ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ വാണിജ്യ സിനിമ, സീരിയലുകള്‍ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയ 2013ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പുതിയ നിര്‍ദേശങ്ങള്‍ നാലാഴ്ചയ്ക്കകം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കാനും കോടതി ഉത്തരവിട്ടു. ഭാവിയില്‍ ഇത്തരം ചിത്രീകരണങ്ങള്‍ അനുവദിച്ചുകൊണ്ട് ഭേദഗതി കൊണ്ടുവരികയോ നിയമനിര്‍മാണം നടത്തുകയോ ചെയ്താല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.
2019ല്‍ മലയാള സിനിമയായ 'ഉണ്ട'യുടെ ചിത്രീകരണത്തിനു കാസര്‍കോട് കാറഡുക്ക വനമേഖല ഷൂട്ടിങ്ങിനായി വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കോടതി ഉത്തരവിലേക്ക് നയിച്ചിരിക്കുന്നത്. അന്ന് ഷൂട്ടിങ് സംഘം കാറഡുക്ക റിസര്‍വ് വനമേഖലയില്‍ വലിയ തോതില്‍ ചുവന്ന മണ്ണ് എത്തിച്ച് റോഡ് ഉണ്ടാക്കുകയും സെറ്റുകള്‍ക്ക് വേണ്ടി നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ കേന്ദ്രമായ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യം അന്വേഷിക്കാന്‍ കോടതി കേന്ദ്ര വനം, മന്ത്രാലയത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തു. ഇക്കാര്യം പരിശോധിച്ച കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന അധികൃതരാണ് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയത് എന്നും അനുവദിച്ചതിലും അധികം ദിവസം ഷൂട്ടിങ് നടത്താന്‍ അനുമതി നല്‍കി എന്നും കണ്ടെത്തി. തുടര്‍ന്ന് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കുന്നത് പുനഃപരിശോധിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
ഹര്‍ജിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആവശ്യമായ നടപടികള്‍ എടുത്തിരുന്നു എന്നു ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി. ഒപ്പം, 2013ലെ ഉത്തരവ് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഈ വിധിക്കെതിരെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ വിധിയുണ്ടായത്. കേന്ദ്ര സംഘവും ഡിവിഷന്‍ ബെഞ്ചും 2013ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
2013ലെ ഉത്തരവ് അനുസരിച്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് ചിത്രീകരണത്തിന് അനുമതി നല്‍കാനുള്ള അധികാരം. ഇതനുസരിച്ച് വാണിജ്യ സിനിമ, സീരിയല്‍, ഫോട്ടോഗ്രഫി, ഡോക്യുമെന്ററി നിര്‍മാണത്തിന് ദിവസം 18,115 രൂപ ഫീസും 18,115 രൂപ ഡിപ്പോസിറ്റും കെട്ടിവയ്ക്കണം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ചിത്രീകരണത്തിനു ഫീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. 1972ലെ വന്യജീവി (സംരക്ഷണ) നിയമത്തില്‍ 2022ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ 'പരിസ്ഥിതിക്കും വനം, വന്യജീവികള്‍ക്കും ദോഷമുണ്ടാക്കാതെ സിനിമ നിര്‍മിക്കാന്‍' നടത്താന്‍ അനുമതി നല്‍കുന്നുണ്ട്. വനത്തില്‍ പ്രവേശിക്കുന്നതിനും ചിത്രീകരണത്തിനും അടക്കമുള്ള അനുമതി നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അധികാരം.
എന്നാല്‍ 1972ലെ നിയമത്തില്‍ സിനിമ നിര്‍മാണം എന്നതുകൊണ്ട് വാണീജ്യ, വിദ്യാഭ്യാസ, ഡോക്യുമെന്ററിയാണോ എന്ന് വിശദമാക്കുന്നില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അതിനര്‍ഥം എല്ലാവിധ സിനിമകളും അവിടെ ചിത്രീകരിക്കാന്‍ അനുവദിക്കാം എന്നല്ല. അതുകൊണ്ടു തന്നെ നിയമത്തിലെ വകുപ്പ് 28 അനുസരിച്ച് എന്തിനാണ് നിയമനിര്‍മാണം നടത്തിയിരിക്കുന്നത് എന്നത് പരിശോധിച്ച് ഈ ഭേദഗതിയെ വിലയിരുത്തുകയാണ് വേണ്ടത്. അതനുസരിച്ച് വനം, വന്യജീവി സംരക്ഷണമാണ് നിയമം കൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത്.