/kalakaumudi/media/media_files/2026/03/06/ayyappa-2026-03-06-09-41-10.jpg)
കൊച്ചി: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി സംഗമത്തിനുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുമെന്നാണ് പറഞ്ഞത്. അതിനെക്കാള്‍ ഏറെ ചെലവുണ്ടായെന്നാണ് ഓഡിറ്റിങ്ങില്‍നിന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വരവുചെലവുമായി ബന്ധപ്പെട്ട് ഓഡിറ്റ് സ്ഥാപനമായ വിജയന്‍ ആന്‍ഡ് അസോസിയേറ്റ്‌സ് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിശദീകരണം ആവശ്യപ്പെട്ടത്. ബോര്‍ഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സംഗമത്തിന്റെപേരില്‍ നടന്ന പല ഇടപാടുകളുമെന്ന് കോടതി പറഞ്ഞു. ബോര്‍ഡ് കൂടുതല്‍ സമയം തേടുന്നതില്‍ അര്‍ഥമില്ല.
ബോര്‍ഡിന്റെ ഓഡിറ്റിങ് നടത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഓഡിറ്റ് സ്ഥാപനത്തോടും നിര്‍ദേശിച്ചു. എങ്ങനെ മെച്ചപ്പെടുത്താനാകും എന്നതില്‍ നിര്‍ദേശങ്ങളും നല്‍കണം. വിഷയം ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
അയ്യപ്പസംഗമത്തിനായി തുറന്ന ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍ സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ചത് 3.98 കോടിയാണ്. ഇതില്‍ രണ്ടു കോടി രൂപ ധനലക്ഷ്മി ബാങ്കും ഒരുകോടി കേരള ബാങ്കും 98 ലക്ഷം അദാനി വിഴിഞ്ഞം പോര്‍ട്ടും നല്‍കിയതാണ്. ഇതിനുപുറമേ ദേവസ്വം അക്കൗണ്ടില്‍നിന്ന് അഞ്ചുകോടിയും അക്കൗണ്ടിലെത്തി.
സംഗമത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചിരുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ.ഐ.ഐ.സി.) അയച്ച പുതുക്കിയ ബില്‍ സ്റ്റേറ്റ്മെന്റ് പ്രകാരം 7.04 കോടിയാണ് ചെലവായി കാണിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുകോടി മുന്‍കൂറായി നല്‍കി. 4.04 കോടി ലഭിക്കാനുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
