ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ പുത്തൻ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനു സ്റ്റേ ഇല്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം ഹൈകോടതി ജസ്റ്റിസ് കൗസർ എടപ്പഗത്താണ് തള്ളിയത്. സർക്കുലർ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. സർക്കുലർ ഇറക്കാനുള്ള അധികാരം കമ്മിഷണർക്ക് ഉണ്ട്, അത് കേന്ദ്ര ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമല്ല എന്നും വ്യക്തമാക്കിക്കൊണ്ടാണ് സ്റ്റേ ആവശ്യം കോടതി നിരാകരിച്ചത്.
അതേസമയം,കേസ് വീണ്ടും 21ന് പരിഗണിക്കും. ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ, ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, വിവിധ വ്യക്തികൾ തുടങ്ങിയവരാണു സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ട്രാൻസ്പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലർ കേന്ദ്ര നിയമങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരം ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, കേന്ദ്ര നിയമത്തിലെ നിർദേശങ്ങൾ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ സർക്കുലർ നിയമപരമാണെന്ന് സർക്കാരും വാദിച്ചു.
അതേസമയം, പരിഷ്കരണത്തില്‍ ഡ്രൈവിങ് സ്കൂളുകള്‍ പ്രതിഷേധം തുടരുകയാണ്. ടെസ്റ്റ് ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍. എന്നാല്‍ പരിഷ്കരണവുമായി മുന്നോട്ടു പോകാനാണു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദ്ദേശം.