കൊച്ചി: നിക്ഷേപങ്ങൾ തിരികെ നൽകാൻ കഴിയാത്ത സഹകരണ സംഘങ്ങൾ അടച്ചുപൂട്ടുന്നതിൽ സർക്കാർ വ്യക്തമായ നടപടികൾക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനാണ് ഉത്തരവാദിത്വമെന്ന് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ മൈലപ്ര, കുമ്പളാംപൊയ്ക സഹകരണ സംഘങ്ങൾക്കെതിരെ നിക്ഷേപകർ നൽകിയ അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.
സംഘങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ നൽകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനോടും നിർദ്ദേശിച്ചു. തുടർനടപടികളിൽ കോടതിയെ സഹായിക്കാൻ അഡ്വ.ഡി.കിഷോറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഹർജിയിൽ പറയുന്ന സൊസൈറ്റികൾ സർക്കാർ ആവിഷ്കരിച്ച പുനരുദ്ധാരണ സ്കീം പ്രകാരമുള്ള സഹായത്തിന് അർഹരല്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ സ്കീമിൽ നിന്ന് ലഭിക്കുന്ന സഹായത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം തിരികെ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സറ്റേ ചെയ്തു.
സ്കീമിൽ നിന്ന് സഹായം തേടി 18 സംഘങ്ങളാണ് അപേക്ഷ നൽകിയിരിക്കുന്നതെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാർ അറിയിച്ചു. ഇതിൽ ഏഴ് അപേക്ഷകൾ മാത്രമാണ് ശരിയായ നടപടിക്രമങ്ങൾ പാലിച്ച് സമർപ്പിച്ചിട്ടുള്ളത്. ഇവയുടെ വിവരങ്ങൾ ഒരാഴ്ചയ്‌ക്കകം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. നിക്ഷേപകർക്ക് എത്രരൂപ തിരികെ നൽകാനുണ്ട് എന്നതടക്കം വ്യക്തമാക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇവ അടച്ചുപൂട്ടുന്നതിനായി സ്വമേധയ ലിക്വിഡേറ്ററെ നിയമിക്കുമെന്നും വ്യക്തമാക്കി.
സംഘങ്ങളുടെ ആസ്തികൾ കണ്ടുകെട്ടി നിക്ഷേപകർക്ക് തുക തിരികെ നൽകുന്നതടക്കമുള്ള സാദ്ധ്യതയാണ് കോടതി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 20 സംഘങ്ങൾ നടപടി നേരിടുന്നുണ്ടെന്ന് എൻഫോഴ്സ‌്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.