ടൂറിസ്റ്റ്ബസ് മോഡിഫിക്കേഷന്‍; 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി

അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു

author-image
Punnya
New Update
High Court..1

കൊച്ചി: ബഹുവര്‍ണ പിക്സല്‍ ലൈറ്റ് നെയിംബോര്‍ഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ഇത്തരത്തിലുള്ള വാഹനങ്ങളിലെ ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണം. വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി ഒരാഴ്ച കഴിഞ്ഞു പരിഗണിക്കും. അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച വാഹനങ്ങളുടെ വീഡിയോകള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നവ  തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍, കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തില്‍നിന്നു വിശദീകരണത്തിനു കൂടുതല്‍ സമയം തേടിയിട്ടുണ്ട്. 

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറുള്ള രണ്ട് ബസുകള്‍ അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ഷോപ്പില്‍ നിന്ന് അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച് ഇറക്കിയത് കോടതി പരിശോധിച്ചു. ഇത്രയും ലൈറ്റുകളുള്ള വാഹനങ്ങള്‍ വരുമ്പോള്‍ എതിരെ എങ്ങനെയാണ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതെന്നും കോടതി ആരാഞ്ഞു. അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ഷോപ്പില്‍ എത്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, ഇനി രജിസ്റ്റര്‍ ചെയ്യാന്‍ എത്ര വാഹനങ്ങളുണ്ട് എന്നതിലും കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവികള്‍ വഴിയും ഗതാഗത കമ്മീഷണര്‍ ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വഴിയും കര്‍ശന നടപടി സ്വീകരിക്കണം. ഗതാഗത കമ്മിഷണര്‍ പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

modification of vehicles tourist bus