/kalakaumudi/media/media_files/2025/01/14/I2MCMYODCykgQ8d6j76T.jpg)
കൊച്ചി: നടി ഹണി റോസ് നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂറിനു ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യാപേക്ഷ കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ബോബിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍, പൊലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും ഇനിയും റിമാന്‍ഡില്‍ എന്തിനാണ് കഴിയുന്നതെന്നും കോടതി ആരാഞ്ഞു.
ജാമ്യം എതിര്‍ത്തുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ നല്‍കിയ അഭിമുഖങ്ങളും പ്രസ്താവനകളും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതൊക്കെ കേട്ടാല്‍ ദ്വയാര്‍ത്ഥമാണെന്നു മലയാളികള്‍ക്ക് മനസ്സിലാകും എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹണി അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങള്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയതിനെയും കോടതി വിമര്‍ശിച്ചു. ബോബി കയ്യില്‍ പിടിച്ചുകറക്കിയപ്പോള്‍ ഹണി റോസ് എതിര്‍ത്തില്ല എന്നും പ്രതിഭാഗം വാദിച്ചു. അത് ഹണി റോസിന്റെ മാന്യത കൊണ്ടാണെന്നാണ് കോടതി മറുപടി നല്‍കിയത്.