/kalakaumudi/media/media_files/2026/01/31/pamba-2-2026-01-31-18-59-32.jpg)
കൊച്ചി: പമ്പാനദിയെ മലിനമാക്കുന്ന തുണി ഉപേക്ഷിക്കല്‍ അവസാനിപ്പിക്കാന്‍ ശബരിമല സ്ഥിതിചെയ്യുന്ന പഞ്ചായത്തായ പെരുനാടിനും ഇടപെടേണ്ടിവരും. ഹൈക്കോടതി ഉത്തരവാണ് ഇതിന് അടിസ്ഥാനം. മറ്റിടങ്ങളില്‍ നദികളുടെ പരിപാലനക്കാര്യത്തില്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടുന്ന തരത്തിലുള്ള പ്രവര്‍ത്തനം പമ്പയിലും ഉണ്ടാകേണ്ടിവരും.
പെരുനാട് ഗ്രാമാപ്പഞ്ചായത്ത് ആരോഗ്യവിഭാഗം, മലിനീകരണ നിയന്ത്രണബോര്‍ഡ്, ശുചിത്വമിഷന്‍ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീം, ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഹൈക്കോടതി നിര്‍ദേശിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ ഈ ടീം പമ്പാതീരം സന്ദര്‍ശിക്കണമെന്നും അടിഞ്ഞുകിടക്കുന്ന തുണികള്‍ നീക്കാനുള്ള നടപടി എടുക്കണമെന്നും ഉത്തരവിലുണ്ട്.
തുണികള്‍ നീക്കാന്‍ ദേവസ്വംബോര്‍ഡാണ് കരാര്‍ നല്‍കുന്നത്. അതുകൊണ്ട് തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് പെരുനാട് പഞ്ചായത്ത് സ്വീകരിച്ചുപോരുന്നത്. നാറാണംതോട്ടില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പമ്പയിലെ തുണികള്‍ നീക്കണമെന്നും മലീനീകരണ പ്ലാന്റിലെ വെള്ളം പമ്പയില്‍ കലരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പെരുനാട് പഞ്ചായത്ത് ദേവസ്വംബോര്‍ഡിന് കഴിഞ്ഞദിവസം കത്തുനല്‍കിയിരുന്നു.
പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കുന്നതിലൂടെ നദി മലിനമാകുന്നത് ഹൈക്കോടതി ഗൗരവത്തിലാണെടുത്തിരിക്കുന്നത്. തുണികള്‍ നീക്കുകയും പമ്പ പുണ്യനദിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്ത വിധിയില്‍, വരുംനാളുകളില്‍ കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് തെളിയുന്നത്.
ഇക്കഴിഞ്ഞ ശബരിമല സീസണില്‍ 25 ടണ്‍ വസ്ത്രമാണ് പമ്പയില്‍നിന്ന് വാരിയെടുത്തത്. തുണികള്‍ ലേലത്തില്‍ പിടിച്ചയാള്‍ കൃത്യമായി വാരാത്തതാണ് പ്രശ്‌നമായി ദേവസ്വവും പെരുനാട് പഞ്ചായത്തും പറയുന്നത്. 2.8 ലക്ഷം രൂപയ്ക്കാണ് ലേലം കൊടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി അടക്കമുള്ള ടീമിന്റെ ഇടപെടല്‍ ഉണ്ടാവുന്നുണ്ടോ എന്ന വിവരം ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
