/kalakaumudi/media/media_files/2025/10/10/sabarimala-2025-10-10-19-01-19.jpg)
കൊച്ചി: ശബരിമലയിലെ തിരക്കില്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്നും ഏകോപനം ഇല്ലല്ലോയെന്നും കോടതി ചോദിച്ചു. എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്. വരുന്ന എല്ലാവരെയും തിരുകി കയറ്റുന്നത് തെറ്റായ സമീപം. തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്തുകാര്യമെന്നും കോടതി ആരാഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശിച്ച കോടതി വെര്‍ച്വല്‍ ക്യൂ നിയന്ത്രിക്കേണ്ടിവരുമെന്നും വ്യക്തമാക്കി.
ഇന്നലെ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മരക്കൂട്ടം മുതല്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങിയത്. ഇതിനിടെ ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവും ലഘു ഭക്ഷണവും ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. വന്‍ തിരക്ക് കാരണം ദര്‍ശന സമയം ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിയിരുന്നു.
ഭക്തരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്‌സുകളില്‍ എല്ലായിടത്തും ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്കു കാപ്പിയും നല്‍കും.
പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാന്‍ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇന്നു രാവിലെ മുതല്‍ ശബരിമല സന്നിധാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.
ദേവസ്വം ബോര്‍ഡിന്റെ കണക്ക് പ്രകാരം വെര്‍ച്വല്‍ ക്യൂ വഴി 70,000 തീര്‍ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തുന്നത്. 20,000 പേര്‍ സ്പോട്ട് ബുക്കിങ്ങും വഴിയാണ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ ഇതിനുമപ്പുറം ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ് ശബരിമലയില്‍ നിലവില്‍ പ്രതിദിനം ദര്‍ശനത്തിനായി എത്തുന്നത്. ആകെ പതിനെട്ട് മണിക്കൂറാണ് ശബരിമലയിലെ ദര്‍ശന സമയം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
