വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിനു തിരിച്ചടി; നടപടി ഹൈക്കോടതിയുടേത്

8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

author-image
Punnya
New Update
High Court

കൊച്ചി: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിനു തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറോക്ക്, പട്ടാമ്പി നഗരസഭകള്‍ക്ക് പുറമേ പടന്ന ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഡ് വിഭജന വിജ്ഞാപന ഉത്തരവാണു ഹൈക്കോടതി റദ്ദാക്കിയത്.  ഈ തദ്ദേശ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 
മുനിസിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെയായിരുന്നു ഹര്‍ജി. 2015ല്‍ പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളാണ് കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍ നഗരസഭകള്‍. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഈ നഗരസഭകളില്‍ അതേ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. പടന്ന ഗ്രാമ പഞ്ചായത്തില്‍ 2015ലും മട്ടന്നൂര്‍ നഗരസഭയില്‍ 2017ലും  2011 സെന്‍സസ് കണക്കിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നേരത്തേ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. നിയമപ്രകാരം നഗരസഭകളില്‍ അനുവദനീയമായ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചു മുനിസിപ്പാലിറ്റി നിയമത്തിലെ 6(3) വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 9ന് ഭേദഗതി ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ നഗരസഭകളില്‍ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ സെന്‍സസ് പ്രകാരം പ്രസിദ്ധീകരിച്ച ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തുവാന്‍ പാടുള്ളൂ എന്ന് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതിനാല്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പുതുതായി രൂപീകരിച്ച നഗരസഭകളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബാധകമാവില്ലെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ അവിടെ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. 2011ന് ശേഷം പുതിയ ജനസംഖ്യാ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ 2015ല്‍ പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യതിയാനം വരുത്തുന്നത് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പിന് വിരുദ്ധമാണ്. അതിനാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി മേല്‍പറഞ്ഞ പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്കും നേരത്തേ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ നഗരസഭകള്‍ക്കും ബാധകമാവില്ല എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണു ഹൈക്കോടതിയുടെ നടപടി.സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍വിഭജന ഉത്തരവിനു പുറമെ ഡീലിമിറ്റേഷന്‍ കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കിയതില്‍ ഉള്‍പ്പെടും.

highcourt of kerala ward panchayat