കോടതിയില്‍ പത്ത് തലയുള്ള രാവണന്‍; ആരാണ് അഡ്വ. ബി രാമന്‍പിള്ള

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ക്രിമിനല്‍ അഭിഭാഷകരില്‍ പത്തരമാറ്റ് വിലയുള്ള പ്രമുഖനാണ് രാമന്‍പിള്ള. പോളക്കുളം കേസിലെ വാദങ്ങളിലൂടെയാണ് ശ്രദ്ധയില്‍ എത്തിയത്.

author-image
Biju
New Update
raman1

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിന്ന് എട്ടാം പ്രതി ദിലീപിനെ പുഷ്പം പോലെ ഊരിയെടുത്തതിനു പിന്നില്‍ 77 കാരനായ രാമന്‍പിള്ള വക്കീലിന്റെ കൂര്‍മ്മ ബുദ്ധി ഒന്നു മാത്രമാണ്. കേസില്‍ മുഴുവന്‍ ദിവസും രാമന്‍പിള്ള നേരിട്ട് തന്നെയാണ് വിചാരണ നടത്തിയത്.

കേരളത്തിലെ നിയമ രംഗത്തെ പത്ത് തലയുള്ള രാവണനായി കരുതുന്ന വക്കീലാണ് ബി രാമന്‍പിള്ള. 
കേസിന്റെ ആദ്യഘട്ടത്തില്‍ അഡ്വ. രാംകുമാറായിരുന്നു ദിലിപിന്റെ അഭിഭാഷകന്‍. കേസ് രാമന്‍പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് ജാമ്യം പോലും കിട്ടിയത്. ദിലീപിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാമന്‍പിളള ഉയര്‍ത്തിയ വാദങ്ങള്‍ പലകുറി പ്രോസിക്യൂഷനുമായുളള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. മുമ്പ് കാവ്യമാധവന്റെ വിവാഹ മോചനക്കേസില്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കു വേണ്ടി ഹാജരായത് അദ്ദേഹമായിരുന്നു.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ക്രിമിനല്‍ അഭിഭാഷകരില്‍ പത്തരമാറ്റ് വിലയുള്ള പ്രമുഖനാണ് രാമന്‍പിള്ള. പോളക്കുളം കേസിലെ വാദങ്ങളിലൂടെയാണ് ശ്രദ്ധയില്‍ എത്തിയത്. അഭയ കേസിലും, ചേകന്നൂര്‍ കേസ്, ബിഷ്പ്പ് ഫ്രാങ്കോ മുളയക്കല്‍, ടിപി ചന്ദ്രശേഖരന്‍ വധം തുടങ്ങി നിരവധി കേസുകളിലെല്ലാം ഈ അഭിഭാഷകന്‍ പ്രതികള്‍ക്കായി ഹാജരായിരുന്നു. രാമന്‍പിള്ളയുടെ ക്രോസ് വിസ്താരം തന്നെ നിയമ കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാണ്.

ഏത് കേസും ഏത് കോടതിയിലും രാമന്‍ പിള്ള വാദിച്ചാല്‍ പ്രതി പുഷ്പം പോലെ ഇറങ്ങിവരുമെന്നായി. ജാമ്യം ലഭിക്കാതെ തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതോടെയാണ് 2017 ഓഗസ്റ്റ് നാലിന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായത്. ദിലീപ് ജയില്‍ മോചിതനായത് ഇതിന് ശേഷം.

പ്രോസിക്യൂഷന്‍ തെളിവുകള്‍ പൊളിക്കാനും പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതിയില്‍ ശക്തമായി അവതരിപ്പിക്കാനും രാമന്‍ പിള്ള നേരിട്ടു തന്നെ വിചാരണ വേളയിലുടനീളം ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായി. സാക്ഷിമൊഴികള്‍ പൊളിച്ചടുക്കാന്‍ ക്രോസ് വിസ്താരത്തില്‍ രാമന്‍ പിള്ളയുടെ കൂര്‍മ ബുദ്ധി പല തവണ പ്രയോഗിച്ചു. വിചാരണ കോടതി മുതല്‍ സുപ്രിം കോടതി വരെ ദിലീപിന് വേണ്ടി നിരവധി ഹര്‍ജികളും , തടസ ഹര്‍ജികളും രാമന്‍ പിള്ള അസോസിയേറ്റ്‌സ് നിരവധി തവണ ഫയല്‍ ചെയ്തു.

വിചാരണ മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോകാനുള്ള ഇടപെടലുകളെന്ന് വിമര്‍ശനവും രാമന്‍ പിള്ളക്കെതിരെ ഉയര്‍ന്നു. ഒടുവില്‍ കേസില്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് രാമന്‍ പിള്ള തന്നെ പ്രതിയാകുമെന്ന ഘട്ടമെത്തി. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളിലെ തെളിവുകള്‍ രാമന്‍ പിള്ളയും കൂട്ടരും സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്റെ സാന്നിധ്യത്തില്‍ നശിപ്പിച്ചെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആരോപണം

വര്‍ഷങ്ങളായി കേരളം ഉറ്റുനോക്കിയിരുന്ന കേസില്‍ വിധിവരുമ്പോള്‍ അത് ദിലീപിന് ആശ്വാസമെങ്കില്‍ രാമന്‍പിള്ളയുടെ അഭിഭാഷക ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലായി ഈ കേസ് മാറും.