കൊച്ചി: ദേശീയപാതകളിലെ പെട്രോള്‍ പമ്പുകളിലുള്ള ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് മുഴുവന്‍ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളിലുള്ള ശുചിമുറികള്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ലെന്ന മുന്‍ ഉത്തരവില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്.
അതേ സമയം, ഇത്തരം ശുചിമുറികള്‍ക്കു മുന്‍പാകെ പൊതുശുചിമുറി എന്ന ബോര്‍ഡ് സ്ഥാപിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി. തങ്ങളുടെ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നല്‍കിയ ഹര്‍ജിയാണ് കോടതി മുന്‍പാകെ ഉണ്ടായിരുന്നത്. പമ്പുകളില്‍ ഇന്ധനമടിക്കാന്‍ എത്തുന്നവര്‍ക്ക് അടിയന്തര സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ അത് പൊതുശുചിമുറിയാക്കണമെന്നാണ് സര്‍ക്കാരും ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതെന്നും 'പൊതുശുചിമുറി'യെന്ന് പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബോര്‍ഡ് സ്ഥാപിക്കുന്ന സ്ഥിതിയുണ്ടായി എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇതുമൂലം പൊതുജനങ്ങള്‍ ശുചിമുറി ഉപയോഗിക്കാന്‍ പമ്പുകളിലെത്തുകയും അത് പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു.
ഏറെ അപകടസാധ്യത മേഖല കൂടിയായ പമ്പുകളില്‍ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാര്‍ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നുവെന്നായിരുന്നു പമ്പുടമകളുടെ വാദം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കുന്നതിന് ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷനും കോടതി കഴിഞ്ഞ ജൂണില്‍ ഇടക്കാല നിര്‍ദേശം നല്‍കിയിരുന്നു.
നിലവിലെ നിര്‍ദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കോടതിയെ അറിയിച്ചു. മാത്രമല്ല, സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പമ്പുകളിലുള്ള ശുചിമുറികള്‍ പൊതുശുചിമുറികളായി പരിഗണിക്കണമെന്നുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇതു കോടതി അംഗീകരിച്ചില്ല. പൊതുജനങ്ങള്‍ക്ക് ശുചിമുറി നിര്‍മിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് പെട്രോള്‍ പമ്പുടമകളുടെ തലയിലിടരുതെന്നും കോടതി വ്യക്തമാക്കി.
ദേശീയപാതകളിലെ പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കുന്ന സമയത്തെല്ലാം പൊതുജനങ്ങള്‍ക്ക് അവിടുത്തെ ശുചിമുറി ഉപയോഗിക്കാം. അല്ലാത്ത സ്ഥലങ്ങളില്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഈ സൗകര്യം ഉണ്ടായിരിക്കണം. സുരക്ഷാ പ്രശ്‌നങ്ങളില്ലെങ്കില്‍ ഇത്തരത്തിലുള്ള ശുചിമുറി ഉപയോഗം പമ്പുടമകള്‍ തടയരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.