/kalakaumudi/media/media_files/2024/11/05/wapMWnA4E6ZcazktwlZ9.jpeg)
കൊച്ചി: പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.വി.ജോണാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാണി.സി.കാപ്പൻ അനുവദനീയമായതിൽ കൂടുതൽ പണം ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ജയചന്ദ്രൻ ഹർജി തള്ളിയത്.
2021ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച മാണി സി.കാപ്പൻ 69,804 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണി 54,426 വോട്ടുകളും നേടിയിരുന്നു. 15,378 വോട്ടുകൾക്കായിരുന്നു മാണി സി.കാപ്പന്റെ വിജയം. ഹര്‍ജിക്കാരനായ സി.വി.ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.