വിവാഹേതരബന്ധത്തിന്റെ പേരില്‍ ജീവിതപങ്കാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി

വിവാഹബന്ധം നിലനില്‍ക്കേ ഭാര്യ മറ്റൊരാളോടൊപ്പം പോയതിലുണ്ടായ മനോവ്യഥയ്ക്കും മാനഹാനിക്കും ഭര്‍ത്താവിന് നാലുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന തിരുവനന്തപുരം കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഉത്തരവിലാണ് ഈ നീരീക്ഷണം.

author-image
Prana
New Update
highcourt

വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ജീവിതപങ്കാളിയില്‍നിന്ന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നു ഹൈക്കോടതി. വിവാഹബന്ധം നിലനില്‍ക്കേ ഭാര്യ മറ്റൊരാളോടൊപ്പം പോയതിലുണ്ടായ മനോവ്യഥയ്ക്കും മാനഹാനിക്കും ഭര്‍ത്താവിന് നാലുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന തിരുവനന്തപുരം കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഉത്തരവിലാണ് ഈ നീരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.
2006 നവംബര്‍ 19ന് വിവാഹിതരായ ദമ്പതിമാരില്‍ ഭാര്യ തനിക്കടുപ്പമുള്ളയാള്‍ക്കൊപ്പം 2012ല്‍ പോയി. സ്വര്‍ണാഭരണങ്ങളും പണവുമായാണ് യുവതി പോയതെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും കാട്ടി ഭര്‍ത്താവ് കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തു. ഇതിലാണ് നാലുലക്ഷംരൂപ നല്‍കാന്‍ ഉത്തരവായത്.
ഇതിനെതിരേ യുവതിയും ജീവിതപങ്കാളിയും ഹൈക്കോടതിയില്‍ എത്തി. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും അവഹേളനവും മര്‍ദനവും കാരണമാണ് വീടുവിട്ടതെന്ന് യുവതി പറഞ്ഞു. സ്വന്തം വീട്ടിലേക്കുപോന്ന താന്‍ പിന്നീടാണ് ബന്ധുവായ യുവാവിനൊപ്പം താമസം തുടങ്ങിയത്. തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2012ല്‍ കുടുംബകോടതിയില്‍ പരാതി നല്‍കി. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഭര്‍ത്താവിന്റെ പരാതിവന്നതെന്നും ചൂണ്ടിക്കാട്ടി.
വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അയാള്‍ക്കൊപ്പം പോകാന്‍ കോടതിയില്‍ ഭാര്യ താത്പര്യം അറിയിച്ചെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, വിവാഹേതരബന്ധം വിവാഹമോചനത്തിന് കാരണമാണെങ്കിലും അതുമൂലമുണ്ടായ മാനസികവ്യഥയ്ക്ക് നഷ്ടപരിഹാരം തേടാന്‍ നിയമവ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹേതരബന്ധം കുറ്റകരമല്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടതാണ്. ഭാരതീയ ന്യായസംഹിത പ്രകാരവും ഇത് കുറ്റകരമല്ല.
വിവാഹമോചന നിയമത്തില്‍ 2001ല്‍ കൊണ്ടുവന്ന ഭേദഗതിക്കുമുന്‍പ് ഭര്‍ത്താവിന് നഷ്ടപരിഹാരം തേടാനുള്ള വകുപ്പ് നിലവിലുണ്ടായിരുന്നു.

 

Husband And Wife relationship highcourt kerala