/kalakaumudi/media/media_files/2025/09/10/sabarimala-2025-09-10-12-16-15.jpg)
കൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നിര്‍ദേശിച്ചു. ദേവസ്വം കമ്മിഷണര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍ തുടങ്ങിയവരോടാണ് നിര്‍ദേശം.
അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
റിവ്യൂ പെറ്റിഷന്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍പറ്റാത്ത സാഹചര്യം ചൂണ്ടിക്കാണിച്ച് ഇന്ന് ദേവസ്വം ബെഞ്ചില്‍ പെറ്റിഷന്‍ ഫയല്‍ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.