ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും നിർദേശമുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹർജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.
ഓഡിയോ ക്ലിപ് അടക്കം ഹാജരാക്കണമെന്നാണ് കോടതി നിർദേശം. എന്നിട്ടേ മുദ്ര വച്ച കവർ തുറക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിൻറെ ആദ്യ സിറ്റിങിലാണ് സർക്കാരിനെതിരെ കോടതി വിമർശനം ഉന്നയിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സർക്കാർ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.
റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറാനാണ് കോടതിയുടെ ഉത്തരവ്. വിഷയത്തിൽ ആദ്യം നടപടിയെടുക്കേണ്ടത് സർക്കാരായിരുന്നു. എന്തുകൊണ്ട് ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും കോടതി ചോദിച്ചു. പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേ? ഹേമ കമ്മറ്റിയെ നിയോഗിച്ചത് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്നും കോടതി അറിയിച്ചു.
അതേസമയം സ്ത്രീകൾ ന്യൂനപക്ഷമല്ലെന്നും ഭൂരിപക്ഷമാണെന്നും അവർക്ക് പ്രശ്നം വന്നാൽ ഉടനടി നടപടിയെടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നമായി മാത്രം ഇതിനെ കാണാനാകില്ലെന്നും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നമായി സർക്കാർ റിപ്പോർട്ടിനെ കാണണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും അതിനാണ് രാജ്യത്ത് നിയമങ്ങൾ ഉളളതെന്നും അതിനനുസരിച്ചാണ് സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു.
അന്വേഷണ സംഘം നടപടി എടുക്കണമെന്ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് നിർദേശിച്ചു. സർക്കാർ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. എസ്ഐടിയും സർക്കാരും സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോടതി അറിയിച്ചു. തുടർ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിർദേശിച്ചു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദേശമുണ്ട്. മാധ്യമ വിചാരണ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.