ശബരിമല സ്വര്‍ണക്കൊള്ള: സുഭാഷ് കപൂര്‍ മാതൃക പരാമര്‍ശിച്ച് ഹൈക്കോടതി

ശ്രീകോവിലിന്റെ 2519.760 ഗ്രാം (315 പവന്‍) സ്വര്‍ണം പൊതിഞ്ഞ മുഖ്യവാതിലിനു പകരം 324.400 ഗ്രാം (40.5 പവന്‍) സ്വര്‍ണം പൂശി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുവന്ന വാതില്‍ സ്ഥാപിച്ചോയെന്നാണു കോടതിയുടെ സംശയം

author-image
Biju
New Update
sab

കൊച്ചി: ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലക ശില്‍പം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ മറവിലുള്ള തട്ടിപ്പിനു പിന്നില്‍ അമൂല്യ പൈതൃക വസ്തുക്കളുടെ കള്ളക്കടത്തു നടത്തുന്ന രാജ്യാന്തര സംഘമോയെന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചു. 

സ്വര്‍ണം പൂശിയ വാതില്‍ സ്ഥാപിച്ചശേഷം സ്വര്‍ണം പൊതിഞ്ഞ പഴയ വാതില്‍ കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അനുവദിച്ചോയെന്നത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്നു ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ശ്രീകോവിലിന്റെ 2519.760 ഗ്രാം (315 പവന്‍) സ്വര്‍ണം പൊതിഞ്ഞ മുഖ്യവാതിലിനു പകരം 324.400 ഗ്രാം (40.5 പവന്‍) സ്വര്‍ണം പൂശി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുവന്ന വാതില്‍ സ്ഥാപിച്ചോയെന്നാണു കോടതിയുടെ സംശയം. ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് ബുക്കില്‍ കാലാകാലങ്ങളില്‍ കൃത്യമായി വിവരങ്ങള്‍ ചേര്‍ക്കാത്തത് ക്രമക്കേടുകള്‍ ഒളിച്ചുവയ്ക്കാനായുള്ള മനഃപൂര്‍വമായ ശ്രമമാകാമെന്നും കോടതി പറഞ്ഞു.

മുഖ്യവാതിലുകള്‍, ദ്വാരപാലക ശില്‍പങ്ങള്‍, പീഠങ്ങള്‍, മറ്റു പുരാവസ്തുക്കള്‍ എന്നിവയുടെ അളവെടുക്കാനും പകര്‍പ്പു നിര്‍മിക്കാനും ബോര്‍ഡ് അനുവദിച്ചത് ഞെട്ടിക്കുന്ന അനാസ്ഥയാണ്. 

ക്ഷേത്ര കലാവസ്തുക്കള്‍ മോഷ്ടിക്കുന്ന സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധരുടെ രീതിയോട് ഇതിനു സാദൃശ്യമുണ്ട്. രാജ്യാന്തര വിപണികളില്‍ വന്‍ വിലയ്ക്കു വില്‍ക്കാവുന്നതാണ് ഇത്തരം പകര്‍പ്പുകള്‍. ക്ഷേത്ര വസ്തുക്കള്‍ അനധികൃതമായി കൈവശം വയ്ക്കാനും സംഘത്തെ ബോര്‍ഡ് അനുവദിച്ചെന്നും കോടതി പറഞ്ഞു.