/kalakaumudi/media/media_files/2025/04/04/8RA4sGGgcbpx5uWhdBf3.jpg)
വേനല്‍ മഴ ഇടയ്ക്കിടെ എത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പകല്‍ച്ചൂട് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. യൂ.വി കിരണങ്ങളുടെ അതിപ്രസരവും പകല്‍ യാത്രകളെ അസഹനീയമാക്കുന്നു.
യൂ.വി ഇന്‍ഡക്‌സ് 5 നു മുകളില്‍ പോകുന്നത് അപകടമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂചിപ്പിക്കുന്നു. പകല്‍ 10 മുതല്‍ 3 മണി വരെയാണ് യൂ.വി കിരണങ്ങള്‍ വലിയ തോതില്‍ പതിക്കുന്നത്. ആ സമയങ്ങളില്‍ ശരീരത്തിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതൊഴിവാക്കണമെന്നും അറിയിച്ചു.പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രികര്‍, ചര്‍മ്മ- നേത്ര രോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, കുട്ടികള്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടുക്കി, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന യൂവി ഇന്‍ഡക്‌സ് 10 ആണ്. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 9-ഉം ,കോഴിക്കോട്,പാലക്കാട് 7-ഉം, വയനാട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യൂ വി ഇന്‍ഡക്‌സ് 6-ഉം രേഖപ്പെടുത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യൂ വി കിരണങ്ങള്‍ അപകടകരമായ തോതിന് താഴെയുള്ളത്. ഇവിടെ 5 ആണ് യൂവി ഇന്‍ഡക്‌സ്.