ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ.എം. ആർ. ചന്ദ്രശേഖരൻ അന്തരിച്ചു

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആര്‍. ചന്ദ്രശേഖരന്‍ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

author-image
Subi
New Update
mr

കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനും അധ്യാപകനുമായിരുന്ന ചെമ്പൂക്കാവ് ധന്യശ്രീയില്‍ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15 ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്.

 

തൃശൂര്‍ പോട്ടോരിലായിരുന്നു ജനനം. തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂള്‍, കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.വിദ്യാഭ്യാസ വിദഗ്ധന്‍കൂടിയായിരുന്ന അദ്ദേഹം എം.ആര്‍.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആര്‍. ചന്ദ്രശേഖരന്‍ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

മാധ്യമപ്രവര്‍ത്തകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവജീവന്‍ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയില്‍ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.കൊടകര നാഷണല്‍ ഹൈസ്‌കൂളിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായിരുന്നു. പയ്യന്നൂര്‍ കോളജില്‍ നിന്നാണ് വിരമിച്ചത്.

'മലയാളനോവല്‍ ഇന്നും ഇന്നലെയും' എന്ന പുസ്തകത്തിന് 2010-ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിവര്‍ത്തനത്തിന് എം.എന്‍. സത്യാര്‍ഥി പുരസ്‌കാരവും നേടി.

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എന്‍.വി. പര്‍വ്വം, കമ്യൂണിസം ചില തിരുത്തലുകള്‍, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമര്‍ശനത്തിന്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങള്‍, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. നിരൂപണത്തില്‍ അന്‍പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍-നിര്‍വാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്,തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും പ്രവര്‍ത്തിച്ചു.

ഭാര്യ: പരേതയായ വിജയകുമാരി. മക്കള്‍: റാം കുമാര്‍, പ്രിയ. മരുമക്കള്‍: ശങ്കര്‍, ധന്യ

 

 

writer