സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം

ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും

author-image
Biju
New Update
ramadan

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയര്‍ത്തി വിശ്വാസികള്‍ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകളും വിവിധയിടങ്ങളില്‍ ഇഫ്താര്‍ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേല്‍ക്കാന്‍ വിപണി സജീവമായിക്കഴിഞ്ഞു.

ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും. ഇസ്ലാം മത വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിലാണ്. പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമദാന്‍. ഖുറാന്‍ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഈ പുണ്യമാസം.

പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദാന ധര്‍മ്മാദികള്‍ക്കും പ്രാധാന്യമുള്ള മാസമാണ് റമദാന്‍. സക്കാത്ത് നല്‍കി സമ്പത്ത് വിപുലീകരിക്കുകയും ഇഫ്താര്‍ സംഗമത്തിലൂടെ സൗഹദം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന മുപ്പത് ദിനരാത്രങ്ങള്‍. വിപണിയിലും വിശുദ്ധമാസത്തിന്റെ തിരക്കുകള്‍ അനുഭവപ്പെട്ടുതുടങ്ങി. പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും.