തിരുവനന്തപുരം: ആരോഗ്യമേഖലയിൽ ലോകനിലവാരം പുലർത്തുന്ന കേരളത്തിൽ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണെന്ന് ഐഎംഎ. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവിൽ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളാണ് ഈയിടെ ജീവൻ നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാർ. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കുന്നതു നോക്കിനിൽക്കാൻ പരിഷ്കൃതസമൂഹത്തിനാവില്ല.
രോഗികളുടെ പരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിർമാണമുണ്ടാകണം. രോഗികൾക്കും ഗർഭിണികൾക്കും ശിശുക്കൾക്കും നൽകേണ്ട ആരോഗ്യസേവനങ്ങളിൽ വീഴ്ചവരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിർവചിക്കാൻ ഭരണാധികാരികൾ തയ്യാറാകണം. എങ്കിൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ തടയാനും അതിനു വഴിവെക്കുന്ന അധമചിന്താഗതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കൂ.
ഇത്ര ക്രൂരമായ രീതിയിൽ ഒരു സഹോദരി മരിക്കാനിടവന്നിട്ടും കേരളീയസമൂഹം പുലർത്തുന്ന നിശ്ശബ്ദത ഭീതിപ്പെടുത്തുന്നതാണ്. നമ്മൾ കാണിക്കുന്ന നിസ്സംഗത ഒട്ടും ഭൂഷണമല്ല. സമൂഹത്തിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാണിക്കപ്പെടണം. അവർക്കെതിരേ നാം സംഘടിക്കണം.
മലപ്പുറം സംഭവത്തിൽ പ്രതികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസനും സെക്രട്ടറി ഡോ. ശശിധരനും ആവശ്യപ്പെട്ടു.
വ്യാജചികിത്സയും അതോടൊപ്പം നടക്കുന്ന വീട്ടിലെ പ്രസവംപോലുള്ള ക്രൂരപ്രവർത്തനങ്ങളും നോക്കിനിൽക്കാൻ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് സാധിക്കില്ലെന്നും അവർ പറഞ്ഞു.
നിയമനിർമാണം വേണമെന്ന് കെജിഎംഒഎയും
തിരുവനന്തപുരം: വീട്ടിലെ പ്രസവം മൂലമുണ്ടാകുന്ന മരണം തടയാൻ നിയമനിർമാണം നേണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ( കെജിഎംഒഎ).
മലപ്പുറത്ത് വീട്ടിൽനടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായതിൽ കെജിഎംഒഎ ആശങ്ക അറിയിച്ചു. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും യാതൊരു ശാസ്ത്രീയാടിത്തറയും ഇല്ലാത്ത ചികിത്സാരീതികൾക്ക് ആളുകൾ വിധേയരാകുന്നുവെന്നത് ഗൗരവത്തോടെ കാണണം. നിയമനിർമാണത്തിലൂടെ ഇത്തരം കുറ്റകരമായ നിലപാടുകൾ തടയണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി.കെ.യും ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫും പറഞ്ഞു