/kalakaumudi/media/media_files/2025/10/23/ra2-2025-10-23-10-14-49.jpg)
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍ യാത്രയുടെ മേല്‍നോട്ടം വ്യോമസേനക്കായിരുന്നു. ലാന്‍ഡിംഗ് ഉള്‍പ്പെടെ ഭൗതിക സൗകര്യങ്ങള്‍ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസര്‍ക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ നടപടികള്‍ക്ക് പോകില്ലെന്നാണ് സൂചന.
എന്നാല്‍ അര ഇഞ്ചിന്റെ താഴ്ച ഉണ്ടായെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കൂടാതെ ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. 'എച്ച്' മാര്‍ക്കിനേക്കാള്‍ പിന്നിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പുതിയ കോണ്‍ക്രീറ്റ് ആയതിനാല്‍ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു.
എന്നാല്‍, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിംഗ് സ്ഥലം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ ഹെലികോപ്റ്റര്‍ ഇറങ്ങിയതാണ് തറ താഴാന്‍ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.