ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂര്‍ അറസ്റ്റില്‍

വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ ഇന്ന് രാത്രി ഏഴ് മണിയോടെ  എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

author-image
Prana
New Update
bobby chemmanur

നടി ഹണി റോസ് നല്‍കിയ  ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണൂര്‍ അറസ്റ്റില്‍. വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ ഇന്ന് രാത്രി ഏഴ് മണിയോടെ  എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ്.
അതേസമയം നടി ഹണി റോസ് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി രഹസ്യ മൊഴി നല്‍കി. ബോബിയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിക്കും കേരളാ പോലീസിനും നടി നന്ദി പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഹണി റോസ് നല്‍കിയ പരാതിയില്‍ എടുത്ത സൈബര്‍ അധിക്ഷേപ കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പോലീസ് അറിയിച്ചു.
ഹണി റോസിന്റെ പരാതിയില്‍ ഫേസ്ബുക്കില്‍ നിന്ന് കൊച്ചി പോലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പോലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കി.

 

Arrest bobby chemmanur honey rose