'നമുക്ക് ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകാം, നമ്മള്‍ മാത്രം':തന്റെ സുഹൃത്തിനോട് രാഹുല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ഹണി ഭാസ്‌കരന്‍

കര്‍ഷക സമരം നടക്കുന്ന സമയത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ സുഹൃത്തായ സ്ത്രീയോട് 'നമുക്ക് ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകാം, നമ്മള്‍ മാത്രം' എന്ന് പറഞ്ഞതായി ഹണി ഭാസ്‌കരന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു

author-image
Biju
New Update
HONEY

കൊച്ചി: ഡല്‍ഹിയില്‍ കര്‍ഷക സമരം നടക്കുന്ന സമയത്ത് തന്റെ ഒരു സുഹൃത്തിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതായും, ഇത് സംബന്ധിച്ച് ഷാഫി പറമ്പില്‍ എംപിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ വെളിപ്പെടുത്തി.

കര്‍ഷക സമരം നടക്കുന്ന സമയത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ സുഹൃത്തായ സ്ത്രീയോട് 'നമുക്ക് ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകാം, നമ്മള്‍ മാത്രം' എന്ന് പറഞ്ഞതായി ഹണി ഭാസ്‌കരന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഈ സംഭവം തന്റെ സുഹൃത്ത് ഷാഫി പറമ്പിലിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും, കൂടാതെ യൂത്ത് കോണ്‍ഗ്രസ്സില്‍ സജീവമായിരുന്ന സുഹൃത്തിന് പിന്നീട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പോലും സാധിക്കാതെ വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പേര് വെളിപ്പെടുത്താത്ത സുഹൃത്തിന്റെ താല്‍പര്യപ്രകാരമാണ് ഇത്തരം പരാതികളുമായി മുന്നോട്ട് പോകാത്തതെന്നും അവര്‍ പറഞ്ഞു.

ഹണി ഭാസ്‌കരന്‍ പറഞ്ഞത്:
'ഡല്‍ഹിയില്‍ കര്‍ഷകസമരം നടക്കുന്ന സമയത്ത് എന്റെ പെണ്‍സുഹൃത്തിന്റെ അടുത്ത് ചെന്ന് രാഹുല്‍ പറഞ്ഞു, 'നമുക്കും പോണം ഡല്‍ഹിലേക്ക്' എന്ന്. രാഹുല്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവര്‍ക്ക് ആദ്യം മനസ്സിലായില്ല. സമരത്തെ അനുകൂലിക്കാന്‍ വേണ്ടിയാണല്ലോ പോകുന്നത് എന്ന് വിചാരിച്ച് 'ഓകെ, നമുക്കെല്ലാവര്‍ക്കുംകൂടെ പോകാം' എന്ന് ആ സ്ത്രീ മറുപടി നല്‍കി. എന്നാല്‍, അപ്പോള്‍ രാഹുല്‍ മറുപടി പറഞ്ഞത്, 'നമ്മള്‍ മാത്രമായിട്ട് ഡല്‍ഹിലേക്ക് ഒരു യാത്ര' എന്നായിരുന്നു. 

ഈ കാര്യം ഷാഫി പറമ്പിലിന്റെ അടുത്ത് കൃത്യമായി സുഹൃത്ത് സൂചിപ്പിച്ചു. അന്ന് രാഹുല്‍ നേതാവായിട്ടില്ല. 'ഒരുപാട് സ്ത്രീകള്‍ ഇടപെടുന്ന ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ്. ഈ ഇടത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ച് കൊണ്ടുവരാന്‍ പാടില്ല' എന്ന് ഈ സ്ത്രീ ഷാഫി പറമ്പലിനോട് പരാതി പറഞ്ഞു. എന്നിട്ടും ഷാഫി അതിനെതിരേ ഒരു നിലപാടും എടുത്തില്ലെന്ന് മാത്രമല്ല, ആ സ്ത്രീക്ക് പിന്നീട് യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതാവുകയും ചെയ്തു. അവരുടെ പേര് വെളിപ്പെടുത്തിയാല്‍ വീണ്ടും ആ സ്ത്രീയെ ഇവര്‍ തള്ളിത്താഴ്ത്തും. അതുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ സത്രീയുടെ പേര് വെളിപ്പെടുത്താത്തതും പരാതിയുമായി മുമ്പോട്ടുപോകാത്തതുമെന്നും' ഹണി ഭാസ്‌കരന്‍ പറഞ്ഞു.

നേരത്തെയും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഫേസ്ബുക്ക് വഴി ഹണി ഭാസ്‌കരന്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കിടയിലുള്ള സംഭാഷണങ്ങള്‍ രാഹുല്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അവര്‍ ആരോപിച്ചിരുന്നു. രാഹുല്‍ ഒട്ടേറെ സ്ത്രീകളെ ഇരയാക്കിയിട്ടുണ്ടെന്നും, അവരില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ഉള്‍പ്പെടുന്നുണ്ടെന്നും ഹണി ഭാസ്‌കരന്‍ ആരോപിച്ചു. പലരും മാനസിക ബുദ്ധിമുട്ടുകള്‍ കാരണം പരാതി നല്‍കാന്‍ ഭയക്കുകയാണ്. രാഹുലിന്റെ മോശം സ്വഭാവത്തെക്കുറിച്ച് ഷാഫി പറമ്പില്‍ എംപിക്ക് അറിയാമായിരുന്നിട്ടും അയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മാനനഷ്ടക്കേസ് നല്‍കട്ടെ, നേരിടാന്‍ തയ്യാറാണെന്നും ഹണി ഭാസ്‌കരന്‍ വെല്ലുവിളിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

rahul mamkootathil