/kalakaumudi/media/media_files/8t0y6UzsnoRTCFnECXkt.jpg)
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ലാഘവത്തോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ‘അതുകൊണ്ടെന്താ’ എന്നാണ് ചിരിച്ചുകൊണ്ട് എംവി ഗോവിന്ദൻ ചോദിച്ചത്. എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാവുകയെന്നും എംവി ഗോവിന്ദൻ ചോദിച്ചുകൊണ്ട് മറ്റ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
അജിത് കുമാറിനെ തള്ളുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാറും സ്വീകരിച്ചത്.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എംആർ അജിത്കുമാർ സമ്മതിച്ചിരുന്നു. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ബിജെപി നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. എഡിജിപി എംആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശനാണു വെളിപ്പെടുത്തിയത്. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.