/kalakaumudi/media/media_files/2025/09/16/balagopal-2025-09-16-12-20-56.jpg)
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറെ സ്വാധീനമുള്ള മേഖലകളെ അമേരിക്കയുടെ പുതിയ താരിഫ് നയം ബാധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
സമുദ്രോൽപ്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടി, കയർ, തേയില തുടങ്ങിയ മേഖലകളിൽ താരിഫ് നയം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
നിയമ സഭയിൽ പിപി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയുടെ ഏകദേശം 12-13 ശതമാനം കേരളത്തിൽ നിന്നാണ്.
നിലവിലുള്ള കൗണ്ടർ വെയിലിംഗ് തീരുവകൾക്ക് പുറമേ യു.എസ് ആന്റി ഡമ്പിംഗ് തീരുവകൾ 1.4 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. 20-25 ശതമാനം പിഴ തീരുവ ചെമ്മീന്റെ മൊത്തം തീരുവ ഭാരം 33 ശതമാനത്തിലധികമായി ഉയർത്തുന്നു. ഇതുമൂലം അമേരിക്കയിൽ നിന്നുള്ള ഓർഡറുകൾ റദ്ദാക്കൽ, കോൾഡ് സ്റ്റോറേജുകളിലെ സ്റ്റോക്ക് കുമിഞ്ഞ് കൂടൽ, സംസ്കരണ സംവിധാനങ്ങളുടെ ഉപയോഗ നിരക്ക് 20 ശതമാനത്തിൽ താഴെയായി കുറയൽ തുടങ്ങിയ പ്രത്യാഘാതങ്ങളാണുണ്ടാകുന്നത്.
ദശലക്ഷങ്ങളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ചെമ്മീൻ സംസ്കരണത്തിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികളിൽ ഭൂരിഭാഗവും വനിതകളുമാണ്. ഇവരുടെ ഉപജീവന മാർഗ്ഗം നേരിട്ട് ഭീഷണിയിലാകും.
തീരദേശ മേഖലയിൽ വലിയ തോതിലുള്ള തൊഴിൽ നഷ്ടം സൃഷ്ടിക്കും. ചെറുകിട ഇടത്തരം സംസ്കരണക്കാരുടെ നിലനിൽപ്പ് ഭീഷണിയിലാകുമെന്നും മന്ത്രി വിശദീകരിച്ചു.