അവയവ കടത്ത് കേസ്;പ്രതി സബിത് നാസറിനെ കസ്റ്റഡിയിൽ വാങ്ങും, അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികളും

രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് റിപ്പോർട്ട്.

author-image
Greeshma Rakesh
Updated On
New Update
case

human organ trafficking case central agencies starts investigation against sabit nasser

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: അവയവ കടത്ത് കേസിൽ പ്രതി സബിത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകാൻ അന്വേഷണ സംഘം.സബിത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ ആണ് പോലീസ്. ഇയാളെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു.

അതെസമയം രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു.

അവയവക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് കൊച്ചിയിൽ പിടിയിലായ തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ.രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.ആദ്യം നെടുമ്പാശ്ശേരിയിൽ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരും വഴിയാണ് സബിത്ത് നാസർ അറസ്റ്റിലായത്.

അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നും പൊലീസ് അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസർ പൊലീസിനോട് പറയുന്നത്. 

2019ൽ വൃക്ക നൽകി പണം കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കൂടുതൽ ദാതാക്കളെ ബന്ധപ്പെടുത്തി നൽകിയാൽ പണം കൂടുതൽ ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് ഏജൻ്റായത്. 2019ൽ തൃശൂർ വലപ്പാട് ഇടമുട്ടത്ത് പത്ത് ദിവസം മാത്രമാണ് സാബിത്ത് നാസർ താമസിച്ചത്. എന്നാൽ അവിടം നാട്ടിലെ മേൽവിലാസമാക്കി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു.

കൂടുതൽ സമയവും ഇറാനിൽ താമസമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. മലയാളികളിൽ അല്ല അവയവം മാറ്റിവയ്ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയെന്നും ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. 

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസർ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതിൽ 19പേരും ഉത്തരേന്ത്യക്കാരാണ്. അവയവ മാഫിയ സംഘങ്ങളുമായി ഇയാൾ ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാൾ മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ച്  വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജൻറുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവർക്ക് ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചിലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജൻറിൻറെ പോക്കറ്റിലാക്കുകയുമായിരുന്നു പതിവ്.

ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം നടത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് ഇയാൾ അവയവകടത്ത് നടത്തിയത്. നാമമാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങൾ ലാഭം കൊയ്യുന്നത്.

തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നു. എന്നാൽ രാജ്യാന്തര ബന്ധങ്ങളിലേക്ക് വഴിവയ്ക്കുന്ന കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കണോ എന്നതിലും പരിശോധന തുടങ്ങി. കേസിൽ പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കിയിട്ടുണ്ട്.

 

kochi human organ trafficking case sabit nasser