ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

റവന്യു വകുപ്പ് ഭൂനികുതി സ്വീകരിച്ചാലും പ്രസ്തുത വസ്തുവില്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് നിര്‍ണയിക്കാനുള്ള അധികാരം റവന്യു വകുപ്പിന് നഷ്ടമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

author-image
Sneha SB
New Update

തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച  തര്‍ക്കങ്ങളില്‍ റവന്യു അധികാരികള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതിയാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. റവന്യു വകുപ്പ് ഭൂനികുതി സ്വീകരിച്ചാലും പ്രസ്തുത വസ്തുവില്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് നിര്‍ണയിക്കാനുള്ള അധികാരം റവന്യു വകുപ്പിന് നഷ്ടമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഭൂനികുതി സ്വീകരിക്കുന്നത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള ഒരു ക്രമീകരണം മാത്രമാണ്. ഭൂനികുതി സ്വീകരിച്ചത് കൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ കഴിയില്ലെന്നതിന് നിരവധി മേല്‍കോടതി ഉത്തരവുകളുണ്ടെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിരീക്ഷിച്ചു. വാമനപുരം സ്വദേശി വി. ജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പരാതിക്കാരന്റെ പേരിലുള്ള 3 3/4 സെന്റ് സ്ഥലത്തിന് 2023 ന് ശേഷം ഭൂനികുതി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കേരള ലാന്റ് ടാക്‌സ് നിയമ പ്രകാരം ഭൂനികുതി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും റവന്യു വകുപ്പ് തയ്യാറായിരുന്നില്ല. ഇത് പരിശോദിക്കാന്‍  നെടുമങ്ങാട് തഹസില്‍ദാരെ കമ്മീഷന്‍ നേരില്‍ കേട്ടു.  പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂനികുതി സ്വീകരിച്ചാല്‍ അത് പുറമ്പോക്ക് ഭൂമിക്കുള്ള സാധൂകരണമാകുമെന്നാണ് തഹസില്‍ദാറുടെ വിശദീകരണം . സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ആറോളം ഉത്തരവുകളും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. ഭൂനികുതി സ്വീകരിക്കണമെന്ന് കമ്മീഷന്‍ മുമ്പ് പാസാക്കിയ ഉത്തരവ് പുനഃപരിശോധിക്കുകയില്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. നെടുമങ്ങാട് താലൂക്ക് (എല്‍.ആര്‍) തഹസില്‍ദാര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

Human Rights commission thahasildar