കൊച്ചി: പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
അതേസമയം വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരം എന്നാണ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇന്ന് രാവിലെ പ്രതികരിച്ചത്. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരം എടുത്തതാണെന്നും നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു, വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
എന്നാൽ വേടന്റെ അറസ്റ്റിൽ മന്ത്രിയുടെ ആദ്യപ്രതികരണങ്ങൾ ഇങ്ങനെയായിരുന്നില്ല. അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചിരുന്നത്. നിലവിലെ മന്ത്രിയുടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് അതൃപ്തിയുണ്ട്. മന്ത്രിയിൽ നിന്നും ഉണ്ടായ വിമർശനത്തിൽ ഉദ്യോ​ഗസ്ഥർ അമ്പരപ്പിലാണ്. വേടനെ അറസ്റ്റ് ചെയ്തത് ഉന്നത ഉദ്യോ​ഗസ്ഥരുടെ അനുമതി വാങ്ങിയതിന് ശേഷമാണ്. അറസ്റ്റിന് ശേഷം മന്ത്രി നടപടികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ നിന്ന് കയ്യടി ലഭിക്കുന്നതിന് വേണ്ടി മന്ത്രി ഉദ്യോ​ഗസ്ഥരെ ബലിയാടാക്കാൻ ശ്രമിക്കുന്നു എന്നാണ് ഉയരുന്ന വിമർശനം. സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നാണ് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിമർശനം. വേടനെതിരെയുള്ള കേസിൽ തൽക്കാലം തുടരന്വേഷണം ഉണ്ടാകില്ലന്നും സൂചനയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
