/kalakaumudi/media/media_files/2025/03/28/h7YCeV6qZDxnJOc9VsQL.jpg)
കൊച്ചി: ദമ്പതികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെ ഭാര്യയുടെ ചൂടൻ പ്രയോഗത്തിൽ ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു. വെളിച്ചെണ്ണയും ചൂട് വെള്ളവും ചേർത്ത ലായനി ഭത്താവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. 45 ശതമാനം പൊള്ളലേറ്റ ഭർത്താവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
32കാരനായ പെരുമ്പാവൂർ സ്വദേശിക്കാണ് പരിക്കേറ്റത്. 19ന് രാവിലെ നടന്ന സംഭവം കഴിഞ്ഞദിവസം ഇയാളുടെ പിതാവ് പെരുമ്പാവൂർ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പുറത്തായത്.
മറ്റൊരു യുവതിയ്ക്കൊപ്പം ഭർത്താവ് നിൽക്കുന്ന ഫോട്ടോ മൊബൈൽ ഫോണിൽ ഭാര്യ കാണാനിടയായതാണ് വഴക്കിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലി രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ നേരത്തേ കരുതി വച്ച ചൂട് ലായനി ഭർത്താവിന്റെ പുറത്ത് ഒഴിക്കുകയായിരുന്നു. നെഞ്ചത്തും കൈകൾക്കും തുടയിലും സാരമായി പൊള്ളലേറ്റ ഭർത്താവിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷമാണ് എറണാകുളത്ത് എത്തിച്ചത്.
അപകടത്തിൽ പരിക്കേറ്റെന്നാണ് ഭർത്താവ് ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. പരാതി കിട്ടിയതിനെ തുടർന്ന് ഹാരിസിന്റെ വീട്ടിൽ സ്ഥലപരിശോധന നടത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെ തുടർനടപടികളുണ്ടാകുമെന്ന് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ശക്തിസിംഗ് പറഞ്ഞു.