/kalakaumudi/media/media_files/2026/02/03/whats-2026-02-03-12-15-53.jpeg)
ഞാൻ പാതി
കവിത - വിജിത സന്തോഷ്
ചിന്തകൾ ചിന്നിച്ചിതറിത്തെറിച്ചപ്പോൾ
അതിലോരോതുളളിയിലും നിന്മുഖം,
മനസ്സിൻ കണ്ണാടിപോലെ നീ എന്നുള്ളിൽ
മാസ്മരികമാം വിധം നിറഞ്ഞുനില്പൂ .
മഴവില്ലുപോലിനി ചിന്തകൾമാറിയാൽ
അതിന്നേഴുവർണ്ണത്തിലും നിന്മുഖം,
ആയിരംവർണ്ണമായ് ആത്മാവിൽ നിറയുന്ന
അംബരചുംബിയായ് നീ മാറുകില്ലേ?
മഴയായ്ചിന്തയോ പെയ്തെന്നിലിറങ്ങിയാൽ
അതിലോരോ കണികയും നിൻശ്വാസമായ്,
എന്നുള്ളിൽ നിറയും അനുഭൂതിയായി
എന്നന്തരംഗത്തിൽ അലിഞ്ഞുചേരും.
ചിലനേരം ചിന്തകൾ കാട്ടുതീയായിടും
കനലുപോൽ പൊള്ളിയമർന്നെരിയും,
നിന്നാർദ്രമാം കൈകളെന്നെ പുണരുമ്പോൾ
അഗ്നിയാംകനലുകൾ നിസ്വാർത്ഥമാവും.
കൊടുങ്കാറ്റായ് ആഞ്ഞുവീശും ചിലനേരംചിന്തകൾ
മേഘാവൃതമാവും പൊടിപടലങ്ങളാലേ,
നിന്നാശ്വാസവാക്കുകൾ മറനീക്കിക്കളയും
മന്ദമാരുതൻപോലെ കുളിർമയേകും.
എന്നുമെൻപാതിയായ് നീ കൂടെയുണ്ടെന്നാൽ
എല്ലാം മറന്നു ഞാൻ നിന്നിലലിയും,
അന്വർത്ഥമാകുമെൻ ജീവിത വീഥികൾ
നിത്യവും നിൻചുംബനപൂക്കളാലേ....
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
