/kalakaumudi/media/media_files/2025/01/25/j9AiBRySdK66tczNCI9F.jpg)
I C Balakrishnan Mla
കല്‍പറ്റ: എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരിക്കുന്നത്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎല്‍എയുടെ വസതിയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ.ഗോപിനാഥന്‍ എന്നിവര്‍ക്ക് കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
മൂന്നു ദിവസത്തെ വാദങ്ങള്‍ക്കൊടുവില്‍ ഉപാധികളോടെയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ജയകുമാര്‍ ജോണ്‍ മൂന്നു പ്രതികള്‍ക്കും മുന്‍കൂര്‍ കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണം, സാക്ഷികളെയും കുടുംബത്തേയും സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയവയാണ് നിബന്ധനങ്ങള്‍. എന്‍.എം വിജയന്റെ കത്തും ഡിജിറ്റല്‍ തെളിവുകളും ആത്മഹത്യ പ്രേരണയെ തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
വിധിയില്‍ കോടതിയോട് നന്ദി പറയുന്നെന്നായിരുന്നു ഐ.സി ബാലകൃഷ്ണന്റെ പ്രതികരണം. ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും വിവാദത്തെ രാഷ്ട്രീയമാക്കി മാറ്റാനുള്ള നീക്കമാണ് ഉണ്ടായതെന്ന് ഐ.സി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.