/kalakaumudi/media/media_files/hjuEyRI8NpN6Qz7PNgLa.jpg)
കൊച്ചി: ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ വിമർശിച്ചു. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിൻ്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിൻ്റെ ഇരയായെന്നും ഗായത്രി വർഷ പ്രതികരിച്ചു.
അതേസമയം കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയാണ്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്.
ഇതിനിടെ നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിര താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിന് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഉണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
