എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്പക്ഷേ,മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ;സമൂഹമാധ്യമ ട്രോളുകളോട് പ്രതികരിച്ച് എ എ റഹിം

ഭരണകൂടഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്

author-image
Devina
New Update
rahimmm

തിരുവനന്തപുരം: കര്‍ണാടകയിലെ യെലഹങ്കയില്‍ വീടുകള്‍ ഇടിച്ചു നിരത്തിയതിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രതികരണത്തിന്‍റെ പേരില്‍ ഉയർന്നുവരുന്ന  സമൂഹമാധ്യമ ട്രോളുകളോട് പ്രതികരണവുമായി 
സിപിഎം നേതാവും എംപിയുമായ എഎ റഹിം.

 'എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ.

ഭരണകൂടഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്.

 ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ'. റഹിം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..

എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.

പക്ഷേ,

മനുഷ്യരുടെ സങ്കടങ്ങള്‍ക്ക്

ഒരു ഭാഷയേ ഉള്ളൂ..

ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്..

ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച്

ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,

അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. .

ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു.

പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും.

പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?

അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല.

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍,നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്.

എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്.

ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,

ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും.