/kalakaumudi/media/media_files/2026/03/09/ganeshu-2026-03-09-16-20-51.jpg)
പത്തനാപുരം: തനിക്കെതിരെയുള്ള പുതിയ വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയങ്ങളുണ്ടെന്നും ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപങ്ങളുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നു. കുടുംബ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും ഭാര്യയെ മന്ത്രിയുടെ ഡ്രൈവർ മർദിച്ചെന്നുമായിരുന്നു ആരോപണം.
ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ഗണേഷ് കുമാറിന് പ്രണയമുണ്ടോയെന്ന് ചോദിച്ചാൽ മാധവിക്കുട്ടിക്ക് പ്രണയമുണ്ടോയെന്ന് ചോദിക്കുന്നതുപോലയേ ഉള്ളൂ. നിങ്ങളിൽ പ്രണയിക്കാത്തവർ ആരാ. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയമുണ്ട്. എല്ലാവരോടും സ്‌നേഹമാണ്. കാരണം പ്രണയമില്ലാത്തവൻ പൊട്ടനാ. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. മഹാനായ ജവഹർലാൽ നെഹ്രുവിന് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. വാജ്‌പേയിക്കുണ്ടായിരുന്നു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്ന് മാധവിക്കുട്ടി മരിക്കുന്നതുവരെയും പറഞ്ഞിരുന്നു.
ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വരുന്ന കാര്യങ്ങളാണ്. ഒരു മനുഷ്യന്റെ രാഷ്ട്രീയമാണ് നോക്കേണ്ടത്. ഗണേഷ് കുമാർ എന്ന ജനപ്രതിനിധി ജനങ്ങളോടെങ്ങനെ, ജനങ്ങൾക്കെന്തെല്ലാം ഉപകാരം ചെയ്തു കേരളം എന്ന സംസ്ഥാനത്തിന് എന്ത് ഗുണം ചെയ്തു ഒരു രാഷ്ട്രീയക്കാരന് വേണ്ടത് അവന്റെ സത്യസന്ധതയും അവന്റെ അഴിമതി രഹിതമായ ഭരണവും ജനങ്ങൾക്കുപകാരം ചെയ്യലുമാണ്. അല്ലാതെ വ്യക്തിപരമായ കാര്യങ്ങളെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം ആണ്. ഇവിടെ കോൺഗ്രസും യുഡിഎഫും നടത്തുന്ന ഒരു രാഷ്ട്രീയമാണത്. ഇതിനകത്ത് ബിജെപിയും പങ്കാളിയാണ്. രാഷ്ട്രീയമായി ഒരു കാര്യം പറഞ്ഞ് തരാം. പത്തനാപുരത്തെ നിയോജക മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് യാതൊരു പ്രസക്തിയുമില്ല.
ബാലകൃഷ്ണപിള്ളയുടെ മകൻ എന്ന പേരിൽ ഗണേഷ് കുമാർ പത്തനംതിട്ടയിൽ മത്സരിക്കുമ്പോൾ എന്നെപ്പറ്റി പറയാത്ത അസഭ്യമില്ല. അന്ന് എന്റെ ഭാര്യയായിരുന്ന സ്ത്രീ എന്നെപ്പറ്റി 25 പേജുള്ള പുസ്തകം അടിച്ച് തിരുവനന്തപുരം കുടുംബക്കോടതിയിൽ കൊടുത്തു. അത് വീടുകളിലെല്ലാം വിതരണം ചെയ്യുകയും ചെയ്തു. ക്രൈം വാരികയിൽ ലക്ഷക്കണക്കിന് അടിച്ച് ഈ നാടുമുഴുവൻ വിതരണം ചെയ്തതാണ്. ഞാൻ 10,000 വോട്ടിനാണ് ജയിച്ചത്. വലിയ നേതാവായ രാജീവ് ഗാന്ധി മരിച്ച ചിതാഭസ്മവുമായി കൊടിക്കുന്നിൽ സുരേഷ് പ്രചരണം നടത്തിയ ആര്യങ്കാവ് പഞ്ചായത്തിൽ 8 വോട്ടിന്റെ ലീഡുണ്ടായിരുന്നു എനിക്ക്. ഇതൊന്നും ഒരു കാര്യമേയല്ല. ഇത് കേരളജനതയ്ക്ക് ആവശ്യമുള്ള ഒരു കാര്യമേയല്ല, ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
